ശനിയാഴ്‌ച, ജനുവരി 29, 2011

സ്വാശ്രയത്വം

മായമില്ലാതെ ഒരു ഭക്ഷണം.ഒരുനേരമെങ്കിലും!അത് അയാളുടെ ഒരാഗ്രഹമായിരുന്നു.
സ്വന്തം ഭൂമിയില്‍ പുതിയ കിണര്‍ കുഴിപ്പിച്ചു.നെല്ല്,വാഴ,ചേമ്പ്,തക്കാളി,മുളക് തുടങ്ങി
എല്ലാം നട്ടുനനച്ചു.വിളവെടുപ്പ് ആഘോഷമായിരുന്നു.സ്വന്തം കിണര്‍വെള്ളത്തില്‍
പാചകം.തന്റെ വിയര്‍പ്പില്‍ വിളഞ്ഞ നെല്ലരിച്ചോറ്! വാഴക്കത്തോരന്‍!തക്കാളിക്കറി!
കുടുംബം ആ പാചകവും കഴിപ്പും ആഘോഷമാക്കി.വയര്‍ നിറച്ചുണ്ടപ്പോള്‍ അയാള്‍ക്ക്
എന്തെന്നില്ലാത്ത സന്തോഷം!വാക്കുപാലിച്ചപോലെ.
                                         പിറ്റേന്ന് പത്രങ്ങള്‍ വെണ്ടക്കനിരത്തി.ഒരു കുടുംബത്തിന്റെ
കൂട്ടമരണത്തെപ്പറ്റി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അസ്വാഭാവികഭക്ഷ-
ണമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നില്ല.

ചൊവ്വാഴ്ച, ജനുവരി 11, 2011

.എല്ലാം ആഘോഷമാക്കാം

  • കുട്ടികള്‍ക്കുള്ള മെഡിക്കല്‍ എന്‍ഡ്രെന്‍സ് കല്പം ,എഞ്ചിനീയറിങ്ങ് എന്‍ഡ്രെന്‍സ് എണ്ണ,രക്ഷിതാക്കള്‍ക്കുള്ള വായുഗുളിക തുടങ്ങി എല്ലാമടങ്ങിയ `സമ്പൂര്‍ണ്ണ എന്‍ഡ്രെന്‍സ് കിറ്റ്` ഇപ്പോള്‍ ലഭ്യമാണ്!
  • തക്കാ‍ളി,ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ ബഹുവര്‍ണ്ണ ത്രി.ഡി പോസ്റ്ററുകള്‍-അടുക്കളയില്‍ അലങ്കരിക്കാവുന്നത്-ഇപ്പോള്‍ കുറഞ്ഞവിലയില്‍ വില്‍പ്പനയില്‍!
  • മൂന്നുറീത്ത് ഒന്നിച്ചുവാങ്ങുമ്പോള്‍ ഒരു പൈന്റ് ഫ്രീ!
  • ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ കിണ്ടി,കോളാമ്പി,അമ്മി,അച്ഛന്‍,അമ്മ തുടങ്ങിയ സാധനങ്ങള്‍ ആകര്‍ഷകമായ വിലയ്ക്ക് ഞങ്ങള്‍ക്കുതന്ന് വീട് വെടിപ്പാക്കുക!

.മാറ്റം അനിവാര്യമാണ്


കണാരേട്ടന്റെ ചായപ്പീടികയില്‍ പൊതുവെ വലിയ തിരക്കുണ്ടാവാറില്ല.ഇപ്പോള്‍ മേലേക്കണ്ടിയിലെ കുഞ്ഞിരാമനാണ് ചായകുടിച്ചുകൊണ്ടിരിക്കുന്നത്.കാലത്തെ തെങ്ങുകയറ്റപ്പണികഴിഞ്ഞ് വിശന്നുതളര്‍ന്ന് വന്നതാണയാള്‍.കുഞ്ഞിരാമന്‍ ആര്‍ത്തിയോടെ പൊറോട്ടയില്‍ കൈവെച്ചപ്പോളാണ് അയല്‍ക്കാരന്‍ നാരായണന്‍ ഓടിക്കിതച്ച് കടയിലേക്ക് കയറിവന്നത്.പേടിച്ചരണ്ട മുഖത്തോടെ അവനെന്തോ പറയാന്‍ തുടങ്ങിയെങ്കിലും അതുപൂര്‍ത്തിയാക്കാന്‍ അവനായില്ല.അവനെപ്പിന്തുടര്‍ന്ന് കടയിലേക്കോടിക്കയറിയ നാലഞ്ചുപേര്‍ അപ്പോഴേക്കും അവനെ തലങ്ങുംവിലങ്ങും വെട്ടിക്കഴിഞ്ഞിരുന്നു.ചോരചീറ്റിക്കൊണ്ട് നാരായണന്‍  ബെഞ്ചിനടിയിലേക്ക് മറിഞ്ഞുവീണു.താനൊന്നുനീങ്ങിയിരുന്നില്ലായിരുന്നുവെങ്കില്‍ അവന്‍ വീഴുക തന്റെമടിയിലേക്കായിരുന്നല്ലോ എന്ന് കുഞ്ഞിരാമന്‍ അപ്പോളോര്‍ത്തു.പക്ഷേ അതുകൊണ്ടും വലിയ കാര്യമുണ്ടായില്ലല്ലൊ.അയാള്‍ അടുക്കളയിലേക്കുനോക്കി വിളിച്ചുപറഞ്ഞു-`കണാരേട്ടാ,ഈ പൊറോട്ട ഒന്നുമാറ്റണം.ഇതിലപ്പടി ചോരതെറിച്ചു`.