തിങ്കളാഴ്‌ച, മാർച്ച് 14, 2011

ജാലകം തുറക്കുമ്പോള്‍.....

സാഗരനീലിമ കൂടുവെക്കുന്നൊരീ വിരികളില്‍,
മുറിയിലെച്ചുമര്‍വര്‍ണ്ണരാജിയില്‍ മിഴിനട്ടു
വൃദ്ധന്‍ പടിഞ്ഞാട്ടുനോക്കുന്നു-
പകല്‍മടക്കത്തിലെ സൂര്യതേജസ്സിനെ!
സായന്തനത്തിന്റെ പൊന്നുനൂല്‍ക്കസവിട്ട-
കാവി ചുറ്റി സന്ധ്യ കോലായിലെത്തവേ
സ്മരണയില്‍ ഘടികാരസൂചികള്‍ പിറകോട്ട്
തിരിയുന്നു, തെളിയുന്നു വീടിന്റെയുമ്മറം….
അഛാ,പതുക്കെച്ചുമക്കൂ-ഈ ടീവിയ്ക്ക്
വോളിയം പണ്ടേതന്നിത്തിരിക്കുറവാണ്
മുറിയില്‍പ്പോയ് വിശ്രമിച്ചോളൂ -ചുടുകഞ്ഞി
അവിടെയെത്തിച്ചിടാം ഒന്നുപോകൂ…
പുന്നാരമോന്മൊഴികേള്‍ക്കെപ്പിടഞ്ഞുതന്‍
ഊന്നുവടിതപ്പി .. കൈകഴയ്ക്കെ!
വാര്‍ത്തയില്‍ ആഗോളമാന്ദ്യമറിയിച്ചു-
വായനക്കാരി തിരിച്ചുപോയി
പിണ്ഡതൈലത്തിന്റെ ഗന്ധംസഹിക്കാതെ
പിറുപിറുക്കുന്നിതാ മരുമകള്‍ശ്രീ..
അഛന്റെ തൈലമിനി മാറ്റിയെഴുതിക്കണം;
അല്ലെങ്കിലിനി തൈലമാവശ്യമോ?
കാറ്റൊന്നുവീശവെ ജാലകപ്പാളികള്‍
പാടിയൊരപശ്രുതി തെല്ലുറക്കെ
ഗതകാലചിന്തകള്‍ തപ്പിത്തടയുന്നു..
വഴികളില്‍ വെട്ടംകുറഞ്ഞുപോയോ
അറിവതില്ലാരുമേ കൈവന്നൊരീഭാഗ്യം,
പുതുവേഷഭൂഷയും കളിയരങ്ങും
അവരറിഞ്ഞീടിലെന്‍ പ്രിയശിഷ്യ വൃന്ദവും
അകമേറുമിവിടെന്നെ വീണ്ടെടുത്തീടുവാന്‍
അറിയുന്നവേളയില്‍ കുറ്റപത്രങ്ങള്‍ തന്‍
കുരിശിങ്കലവരെന്റെ മകനെയേറ്റും
അതുവേണ്ട; മക്കള്‍തന്‍ കൈശോരചാപല്യ-
മറിയേണ്ടതഛന്റെ ധര്‍മമല്ലോ..
ഇനിയാരുമറിയാതെയീ വൃദ്ധ സദനത്തിന്‍
ചുമരുകള്‍ക്കിടയിലെന്‍ ശിഷ്ടകാലം
തീരുന്നവേളയിലൊരോര്‍മക്കുറിപ്പായി
മാധ്യമത്താളിലൊരു കോളമാകാം..
മക്കളോ വലുതാകിലെന്നുംനമുക്കവര്‍
കൊച്ചു കിടാങ്ങളായ് തോന്നവേണം
അവര്‍ തന്‍ തമാശകള്‍ക്കതിരില്ല;നമ്മളോ
ഒരുചിരിചിരിച്ചതില്‍ കൂടിയാടീടുക…

ഞായറാഴ്‌ച, മാർച്ച് 06, 2011

കാണക്കാണെ...............

കഴിഞ്ഞ വര്‍ഷം,മലയാളം പഠിപ്പിക്കുന്ന അധ്യാപകരുടെ ഒരു ക്ലസ്റ്റര്‍ യോഗത്തില്‍ ഒമ്പതാംതരത്തിലെ കേരളപാഠാവലി രണ്ടാം യൂണിറ്റ്‌-‘കാണക്കാണെ’-പഠിപ്പിക്കു
ന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് ആ ചെറിയ സിനിമയെക്കുറിച്ച് ഞാന്‍
അറിഞ്ഞത്.അഞ്ചര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ആ സിനിമ കണ്ടപ്പോള്‍ അതൊ
രു മഹാകാവ്യമാണെന്ന് എനിക്കുതോന്നി.ഓരോആളും തീര്‍ച്ചയായും കണ്ടിരിക്കേ
ണ്ടത് എന്ന എന്റെ അഭിപ്രായം ഇത് കണ്ടുകഴിയുമ്പോള്‍ നിങ്ങളും ശരിവെക്കുമെന്ന്  എനിക്കുറപ്പുണ്ട്.കാണുക!
കണ്ടുകഴിഞ്ഞ് ഒരഭിപ്രായം പോസ്റ്റ് ചെയ്യാന്‍ മറക്കരുതേ.


                           'ബോധോദയത്തിന്റെ ഒരു  മരത്തണല്‍കൂടി’