ബുധനാഴ്‌ച, ഏപ്രിൽ 24, 2013

അദ്ദേഹം

അദ്ദേഹം കാലത്ത്‌ ഏഴുമണിക്ക്‌ എത്തിച്ചേരും എന്നല്ലേ പറഞ്ഞത്‌?അയാള്‍ വാച്ചിലേക്ക് നോക്കി.ഏഴുമണിക്ക്‌ ഇനി പത്ത്‌ മിനിറ്റ് കൂടിയുണ്ട്.നിലവിലുള്ള കുടുംബപ്രശ്നങ്ങളും ഭാവിയില്‍ വന്നുവീണേക്കാവുന്ന ദുരന്തങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്കാന്‍ കഴിയുന്ന ആളെന്നനിലക്കാണ് അദ്ദേഹത്തെ ഞാനെന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്‌.വളരെ തിരക്കുള്ള ആളാണെന്നും വരാമെന്നു പറഞ്ഞ ദിവസം വരാതിരിക്കുന്ന ആളാണെന്നും നന്നായി അറിയാവുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദര്‍ശനം -അത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ -അവിസ്മരണീയമായിരിക്കണം.ആ സ്മരണകള്‍ അദ്ദേഹത്തെ തുടര്‍ന്നും ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മധുരോദാരമായിരിക്കണം.അതിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പേ തുടങ്ങിയത്.
                                  പ്രധാന ഭക്ഷണമായി തയ്യാറാക്കുന്നത് ചിക്കന്‍ ബിരിയാണിയാണ്.നാടന്‍ കോഴിയോടാണ് പുള്ളിക്ക് താല്‍പ്പര്യം .അതുകൊണ്ടുതന്നെ അത്തരമൊന്നിനെ സംഘടിപ്പിക്കാന്‍ കുറെ വീടുകളില്‍ തെണ്ടേണ്ടിവന്നു.ഭക്ഷണത്തിനുമുമ്പേ രണ്ടെണ്ണം വിഴുങ്ങുന്ന സ്വഭാവം മൂപ്പര്‍ക്ക്‌ ഉണ്ടെന്ന്‌ നേരത്തെ അറിയാവുന്നതുകൊണ്ടുതന്നെ ഒരു'മുഴുനീളനെ'വാങ്ങി.ആളറിയാതിരിക്കാന്‍ ബിവറേജസിനു മുന്‍പില്‍ തലയില്‍ ഒരു ടവ്വലും കെട്ടി ക്യു നിന്നപ്പോഴും ഒന്നുരണ്ടാളുകള്‍ തിരിച്ചറിഞ്ഞു.ആവശ്യത്തിന്റെ ഗൌരവം അറിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.'നന്നായി സാറേ,ഇത്രയും ബുദ്ധിമുട്ടിയതുകൊണ്ട് ഒരു നഷ്ട്ടവുമില്ല.ഒരു വലിയ കാര്യമല്ലേ നടക്കാന്‍പോകുന്നത്".മുന്തിയ സിഗരറ്റുകളൊന്നും അദ്ധേഹം വലിക്കുന്നത്  കണ്ടിട്ടില്ല.എങ്കിലും ഒരു പാക്ക് 'വില്‍സ് 'തന്നെ വാങ്ങി.ഒന്നും കുറക്കേണ്ട.എല്ലാം ഒരു പണത്തൂക്കം മുന്‍പിലായിരിക്കട്ടെ.ഇനി എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെന്കില്‍ത്തന്നെ അത് അദ്ദേഹം തിരിച്ചുപോകുമ്പോള്‍ നല്‍കുന്ന ആചാര്യ മര്യാദകളില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാം.
                                     ചിന്തിച്ച്ചുകൊണ്ടിരിക്കെ അയാള്‍ വാച്ചിലേക്ക് ഒന്നുകൂടി നോക്കി.ഓ! സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു,ഇനി ഈ സന്ദര്‍ശനവും അദ്ദേഹം മാറ്റിവെക്കുമോ?.അയാള്‍ വീട്ടുപടിക്കലേക്ക്  കണ്ണ്നീട്ടി.ഒരു നിമിഷം!സന്തോഷത്തിന്റെ ഒരു പെരുംകടല്‍ അഴിമുഖം ഭേദിക്കെ അയാള്‍ വീടിനുള്ളിലേക്ക് നോക്കി മദോന്മത്തനായി വിളിച്ചു കരഞ്ഞു-'മക്കളെ,അദ്ദേഹം വരുന്നെടാ'....
                                  നാളുകളായി ആ വീട്ടില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ആ മംഗളമുഹൂര്‍ത്തത്തില്‍ ഒരു മങ്ങിയ ചിരിയോടെ തേങ്ങാവലിക്കാരന്‍ കുമാരന്‍ ഏണിയുമായി അടിവെച്ചടിവെച്ച്ചടിവെച്ച്ചടിവെച്ച്..................

4 അഭിപ്രായങ്ങൾ:

G.V.RAKESH പറഞ്ഞു...

ഗംഭീരം. വളരെ നന്നായിട്ടുണ്ട് . നാളെ എല്ലാവിടെയും ഇതുതന്നെ സംഭവിക്കും.ഇത്തരം അനുഭവകഥകളാണ് വേണ്ടത്.

ചേലേമ്പ്ര ഗിജി ശ്രീശൈലം പറഞ്ഞു...

സത്യം ഒരു തൊങ്ങലും ഇല്ലാതെ.............

മാഷേ സൂപ്പര്‍

ഷൈജു.എ.എച്ച് പറഞ്ഞു...

അദ്ദേഹത്തിന്റെ വരവ് ഗംഭീരം ആയിരുന്നു കേട്ടോ. ആരായിരിക്കും ആ അദ്ദേഹം
എന്ന ആകാംഷയോടെയാണ് വായിച്ചത് . ഹിഹിഹിഹിഹിഹിഹി
സംഭവം കലക്കി. അടുത്ത വട്ടം അദ്ദേഹം ഇതിൽ ഒതുങ്ങുമോ ആവോ ?

ആശംസകൾ നേരുന്നു

Pradeep Kumar പറഞ്ഞു...

ഞാനിപ്പൊ ചിരിച്ചു വീഴും..... ആരും ഊഹിക്കാത്ത ഏതോ ഒരു പോയന്റിലേക്ക് വളരുകയാണെന്ന് വായിക്കുമ്പോൾ തോന്നിയിരുന്നു.... ഈ ട്വിസ്റ്റ് ആവുമെന്ന് തീരെ തോന്നിയില്ല.....