ബുധനാഴ്‌ച, നവംബർ 09, 2011

ജിത്തു എന്ന സുജിത്ത്

ഒരുപാട് തിരക്കുകള്‍! അതുകൊണ്ടുതന്നെ ഒരുപോസ്റ്റ്‌ ഇട്ടിട്ട് മാസങ്ങളായി.ഏതായാലും ഈ പോസ്റ്റ്‌ -ഇതെന്റെതല്ല-ഇടുന്നതാണ്  ഇപ്പോള്‍ നല്ലത് എന്നെനിക്ക് തോന്നി.എന്റെ തീരുമാനം തെറ്റിയില്ല എന്ന് ഇതിന്റെ വായനക്കാര്‍ പറയും എന്ന്‍ എനിക്കുറപ്പുണ്ട്.ഈ പോസ്റ്റ്‌ എഴുതിയ ശ്രീ.നാമൂസിന് ഒത്തിരി നന്ദി പറഞ്ഞുകൊണ്ട് .............................................................................

കനിവ് തേടി.

by Naamoos Peruvalloor on Friday, October 7, 2011 at 2:19am
"നമുക്ക് പ്രിയപ്പെട്ട ഒന്നിനെ ത്യജിക്കാതെ ഒരുവന് നന്മ എത്തിക്കാന്‍ നമുക്കാവില്ല."

ഇഷ്ട ബന്ധുക്കളോട്,
താങ്കള്‍ക്ക് എന്നെയോ എനിക്ക് താങ്കളെയോ വ്യക്തിപരമായി അറിയണമെന്നില്ല. എങ്കിലും, നമ്മള്‍ ഒരേ ഭാഷ സംസാരിക്കുന്നു. ആ ഭാഷയിലൂടെ തന്നെ അതിജീവനത്തിന്റെ വഴികളാരായുന്നു. അല്പം താമസിച്ചെങ്കിലും അവക്കുള്ള  ഉത്തരങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുകയും സമാധാനത്തിലാക്കുകയും ചെയ്യാറുണ്ട്.

ഇവിടെയിതാ,, നമ്മുടെ ഒരു സഹോദരന്‍ അതേ കാര്യത്തിനായി  അതേ ഭാഷയില്‍ തന്നെ  നമ്മുടെ മനസ്സിറക്കത്തെ തേടുന്നു. അദ്ദേഹം ഒരുതവണ പോലും നേരിട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാല്‍, ചിലയിടങ്ങളിലെ പരാമര്‍ശനങ്ങളിലൂടെ വെളിവായ അദ്ദേഹത്തിന്റെ ദൈന്യതയില്‍ അലിവു തോന്നിയ ചില സഹൃദയരുടെ ആലോചനയുടെ ഭാഗമായിട്ടാണ് അദ്ദേഹത്തെ താങ്കള്‍ക്കും പരിചയപ്പെടുത്താമെന്നു തീരുമാനിച്ചത്.

കോഴിക്കോട് പന്തീരങ്കാവിനും തൊണ്ടയാടിനുമിടക്ക് പാലാഴി സ്വദേശിയും മുപ്പത്തിയൊന്നുകാരനുമായ 'ജിത്തു' എന്ന് വിളിക്കുന്ന സുജിത് കുമാര്‍: അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പം താമസിക്കുന്ന ഇദ്ദേഹത്തിന്റെ  ഇരുകാലുകളും ചലിക്കാതെയായിട്ടു  ഏകദേശം  ആറ് വര്‍ഷങ്ങളാകുന്നു. കോഴിക്കോട് നടക്കാവില്‍ 'പാര്‍ സിസ്റ്റം ഇലക്ട്രോണിക്സ് കമ്പനിയില്‍' {2001-2002കാലത്ത് } ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ആദ്യമായി കാലുകള്‍ക്ക് മരവിപ്പും ബലക്ഷയവും അനുഭവപ്പെട്ടു തുടങ്ങിയത്. ശേഷം, ചികിത്സാര്‍ത്ഥം അവധിയിലാവുകയും കഴിഞ്ഞ നാളുകളത്രയും വിവിധങ്ങളായ ചികിത്സാ രീതികള്‍ സ്വീകരിച്ചിട്ടും.. അക്കാലങ്ങളില്‍ ഒന്നും കൃത്യമായ രോഗ നിര്‍ണ്ണയം പോലും ഉണ്ടായില്ല. അതിനിടക്ക് കാലുകളുടെ ചലനം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. അവസാനമായി രക്തത്തില്‍ 'ലെഡ്ന്റെ' അളവ് കൂടിയതാണ് ഈ അവസ്ഥക്ക് കാരണമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ അബ്ദുല്‍ ലത്തീഫ്. അതുകൊണ്ട് തന്നെ, തനിക്കറിയാവുന്ന ജോലി {ഇലക്ടോണിക്സ്‌  വര്‍ക്ക്} ചെയ്തു പോലും ജീവിക്കാനാവാത്ത ഒരവസ്ഥയിലാണ് ജിത്തുവിപ്പോഴുള്ളത്. പ്രായാധിക്യം കൊണ്ടുള്ള അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അച്ഛനും അമ്മയുമടങ്ങുന്ന ഈ കുടുംബത്തിന്റെ നിത്യ ചിലവുകളും കൂടാതെ, ജിത്തുവിന്റെയടക്കം ചികിത്സാ കാര്യത്തിലും വല്ലാത്ത ഞരുക്കത്തിലൂടെയാണ് ഈ കുടുംബം ജീവിതം ജീവിച്ചു തീര്‍ത്ത്‌ കൊണ്ടിരിക്കുന്നത്.

സുഹൃത്തെ.. ഈ വിഷയം ചര്ച്ചക്കെടുക്കുമ്പോള്‍ നമ്മളൊന്നു നിശ്ചയിക്കേണ്ടതുണ്ട്. കേവലാര്‍ത്ഥത്തിലുള്ള ഒരു സഹായം കൊണ്ട് തീര്‍ക്കാവുന്ന ഒരു എളുപ്പമായി നാമീ ബാധ്യതയെ ചുരുക്കരുത്. പകരം, ഒരു സ്ഥിരവരുമാനത്തിനുള്ള വകയുണ്ടാക്കി കൊടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്തുത കാര്യത്തിനായി നമ്മുടെ സഹോദരന്‍ ജിത്തു തന്നെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം {അദ്ദേഹത്തിന്റെ താത്പര്യം} ഉണ്ട്. വീടിനടുത്ത് തന്നെയുള്ള കവലയില്‍  ജിത്തുവിന്റെ അച്ഛന്‍ നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' നടത്താമെന്നാണ് ജിത്തു അറിയിച്ചിട്ടുള്ളത്. അതില്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണും/റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, ' ഡിഷ് ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും...  കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹമാണ് അദ്ദേഹം  പങ്കുവെച്ചിട്ടുള്ളത്. എങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന്‍ ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.


അതിനിടക്ക്, {02/10/2011 ഞായറാഴ്ച } പ്രദീപ്‌ കുമാര്‍ മാഷിനെയും  ഡോ: മുഹമ്മദ്‌ കൊയയെയും { ഇരുവരും ബ്ലോഗര്‍മാര്‍} ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍  അവര്‍ സഹോദരന്‍ ജിത്തുവിന്റെ വീട് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വ്യക്തമായും പഠിക്കുകയും ജിത്തുവിന്റെ സുഹൃത്തുക്കളുടെ സഹായം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഇവരുടെ തന്നെ നേതൃത്വത്തില്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ സ്ഥാപനത്തിന്റെ ജോലികള്‍ ആരംഭിക്കാനുമിരിക്കുന്നു. അതിന്റെ തുടക്കമെന്ന നിലയില്‍ നമ്മുടെ പദ്ധതിയുടെ ആദ്യ ഗഡു {ഷോപ്പ് ഡക്കറേഷന്‍ വര്‍ക്കിനുള്ള തുക} ഇന്ന് {,06/10.2011, വ്യാഴം} ശ്രീ പ്രദീപ്‌കുമാര്‍, ശ്രീ ഹരി പെരുമണ്ണ  എന്നിവര്‍ ചേര്‍ന്ന് ജിത്തുവിന് നല്കുകുകയുണ്ടായി.  എല്ലാ ജോലിയും തീര്‍ത്ത്‌ താക്കോല്‍ ജിത്തുവിനെ ഏല്പിപ്പിച്ചിട്ടേ നമ്മള്‍ ഈ പരിപാടിയില്‍ നിന്നും പിന്മാറുകയോള്ളൂ..എന്നാണു നാം ആഗ്രഹിക്കുന്നത്. !

സഹോദരന്‍ ജിത്തുവിനൊരു ജീവിതോപാധി എന്ന ലക്ഷ്യത്തിലേക്കിനി വളരെ കുറഞ്ഞ ദൂരം മാത്രമേ ശേഷിക്കുന്നൊള്ളൂ.. അത്ര കണ്ട് വേഗതയില്‍ നാം നമ്മുടെ ലക്ഷ്യത്തോടടുത്തു കൊണ്ടിരിക്കുന്നു. അടുത്ത മാസമാദ്യത്തില്‍ തന്നെ നമുക്ക് നമ്മുടെ പദ്ധതി നടപ്പില്‍ വരുത്തേണ്ടതുണ്ട്. ആയതിലേക്ക് കണക്കാക്കിയ തുകയുടെ പാതിയോളം തുക പലരിലൂടെയായി { വാഗ്ദത്തം ചെയ്തിട്ടുള്ളതും, അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളതും ചേര്‍ത്തു} സമാഹരിക്കുവാന്‍ സാധിച്ചിട്ടുണ്ട്,. ഇനിയും ഏകദേശം എണ്‍പതിനായിരത്തോളം രൂപ നമുക്ക് ആവശ്യമായിട്ടുണ്ട്. എങ്കില്‍ മാത്രമേ നാം ഉദ്ദേശിച്ചത് പോലൊരു സ്ഥാപനം ജിത്തുവിനായി നമുക്ക് നിര്‍മ്മിച്ച്‌ നല്‍കാന്‍ സാധിക്കൂ.. ആയതിനാല്‍, ഈ വിഷയത്തില്‍ സാധ്യമായതെന്തോ...  അത് നല്‍കി, താങ്കളിലെ മനുഷ്യനെ സമാധാനിപ്പിക്കുമെന്നു തന്നെ കരുതുന്നു.

ഹൃദയ പൂര്‍വ്വം.
നാമൂസ്,
ദോഹ, ഖത്തര്‍.
00974555949954താങ്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള മറുപടി താഴെ കാണുന്ന 'മെയില്‍ ഐ ഡി'കളില്‍ പ്രതീക്ഷിക്കുന്നു.
naamoosdoha@gmail.com,
tamsheriff@gmail.com,
noumonday@gmail.com
abid.areacode@gmail.com,

തുക അയക്കേണ്ടുന്ന വിലാസം:
ABID THARAVATTATH
A/C : 10770100109384
IFCC: FDRL, 0001077
FEDERAL BANK
AREACODE BRANCH
MUKKAM ROAD.
673639.PN

ജിത്തിലേക്കെത്തനുള്ള വഴികള്‍
ലെഡ് - നാം അറിയേണ്ട മറ്റൊരു കൊലയാളി
ചിറകൊടിഞ്ഞ ജീവിതങ്ങള്‍.
മനസ്സേ പതറാതെ ....

ജിത്തുവിന്റെ മൊബൈല്‍ നമ്പര്‍: 09895340301

                                                        പോസ്റ്റ്‌ വായിച്ചല്ലോ.താങ്കളുടെ പ്രതികരണം!അത് എന്തായാലും വളരെ വിലപ്പെട്ടതാണ്.എഴുതുമല്ലോ!


.

തിങ്കളാഴ്‌ച, മേയ് 23, 2011

എല്ലാതരം റിപ്പയറിങ്ങുകള്‍ക്കും.........

                 
 


‘എല്ലാതരം റിപ്പയറിങ്ങുകള്‍ക്കും ഇവിടെ’എന്ന ബോര്‍ഡ്‌ വെച്ച
കടയിലേയ്ക്ക് ഒരുകയ്യില്‍ ഫോണുമായിവന്ന ആളോട് കടക്കാരന്‍
വളരെ ഭവ്യതയോടെ ചോദിച്ചു.
‘’എന്താണ് സാറേ കുഴപ്പം?”
ചോദ്യം കേട്ടപടി ആഗതന്‍ തുടങ്ങി.
‘’അപ്രതീക്ഷിതമായി വോളിയം കൂടുന്നു.മറ്റു ചിലപ്പോള്‍ ഒരനക്കവുമില്ല.
നമ്മള്‍ അങ്ങോട്ട്‌ പറയുന്നതൊന്നും തീരെ കേള്‍ക്കുന്നില്ല.തിരിച്ചുകേള്‍ക്കു
ന്നത് എന്തെല്ലാമോ അപശബ്ദങ്ങളാണ്.പലപ്പോഴും ഒരുതരം ഇരമ്പല്‍!
വീട്ടിലും പരിസരങ്ങളിലും തീരെ റെയ്ഞ്ച് കിട്ടുന്നില്ല. ടൌണില്‍ എത്തുമ്പോള്‍ നല്ല ക്ലാരിറ്റി!
ഡിസ്പ്ലേ പലപ്പോഴും പോവാറുണ്ട്.അത് തിരികെവരുമ്പോള്‍ വല്ലാത്തൊരു നിറവിത്യാസം”
ഒറ്റശ്വാസത്തിന് ഇത്രയും പറഞ്ഞുനിര്‍ത്തിയപ്പോ‍ള്‍ കടക്കാരന്‍ ചോദിച്ചു.
.”സെറ്റെവിടെ?”
ആഗതന്‍ കൂടെയുണ്ടായിരുന്ന ഭാര്യയുടെ പിറകിലേക്ക്‌ മാറിനിന്നു...
                    
                                                      

ഞായറാഴ്‌ച, ഏപ്രിൽ 10, 2011

രണ്ട് ഫെയ്സ്ബുക്ക് കഥകള്‍

മേനോന്‍സാര്‍ അന്നുവന്ന മെയിലുകള്‍ പരിശോധിച്ച് നേരെ കയറിയത് ഫെയ്സ്ബുക്കിലേക്കാണ്.അപ്പോഴതാ പത്തുപതിനാറുപേരുടെ മുഖങ്ങള്‍
ഓണ്‍ലൈന്‍ ചാറ്റിങ്ങിന് റെഡിയായി തെളിഞ്ഞുകത്തുന്നു.അതിലൊരാളുടെ
‘ഹായ്’സാറിന്റെ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ചാറ്റാനായി അദ്ദേഹം കീബോ
ര്‍ഡില്‍ വിരലോടിച്ചു.തിരിച്ചൊരു ഹായ്!....ചാറ്റല്‍മഴ പെയ്യാന്‍ തുടങ്ങി.....
‘സാറിന്റെ കഥകള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട്’
‘വളരെ സന്തോഷം’
‘ജനകീയ വിഷയങ്ങളാണല്ലോ എല്ലാം?‘
‘ എന്നെപ്പോലെ ജനങ്ങളോട് ഇടപഴകുന്ന ഒരാള്‍ക്ക് അതല്ലെ ഉണ്ടാവൂ’
‘സാറിന്റെ പുതിയ കഥയ്ക്കായി കാത്തിരിക്കുകയാണ് ഞാന്‍'
‘ഗള്‍ഫില്‍ എവിടെയാണ് ജോലി ചെയ്യുന്നത്?’
‘അയ്യോസാര്‍!ഞാന്‍ ഗള്‍ഫിലല്ല!കോഴിക്കോടാണ്.’
‘കോഴിക്കോട് എവിടെ?’
‘സാറിന് കോഴിക്കോടൊക്കെ പരിചയമുണ്ടല്ലേ?അവിടെ എമറാള്‍ഡ് ജങ്ഷന്‍!
‘അറിയാം’
‘സാറ് ഇനി കോഴിക്കോട് വരുമ്പോള്‍ വരണം.ഫ്ലാറ്റ്-എ10’
ചാറ്റല്‍മഴ പെട്ടെന്ന് തോര്‍ന്നു.മേനോന്‍സാറിന് ജനകീയസാഹിത്യത്തിന്റെ
ഉള്‍വിളി വന്നതിനാല്‍ എമറാള്‍ഡ് ജങ്ഷനിലെ ഫ്ലാറ്റ്-എ13ല്‍ ഇരുന്ന്
അദ്ദേഹം എഴുത്താരംഭിച്ചു.
                                                                   
                                                                         
                                                                  
                         
  വീടിന്റെ  ഉള്‍ച്ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് ഭാര്യയുംഭര്‍ത്താവും ഫെയ്സ്ബുക്ക്        
ചുമരില്‍ പോസ്റ്റുകളും കമെന്റുകളും മത്സരിച്ചിടുകയാണ്.വാദം-സംവാദം-പ്രതിവാദം!
നേരില്‍ പറയാനുള്ളതെല്ലാം അങ്ങനെ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ വീട് ഇപ്പോള്‍
  ശാന്തമാണ്.വീടിന്റെ പുറംചുമരില്‍ മക്കള്‍ സന്തോഷപൂര്‍വം ഇങ്ങനെ എഴുതി വെച്ചു.
   ‘ഫെയ്സ്ബുക്ക് ഈ വീടിന്റെ രക്ഷകന്‍!’                    

തിങ്കളാഴ്‌ച, മാർച്ച് 14, 2011

ജാലകം തുറക്കുമ്പോള്‍.....

സാഗരനീലിമ കൂടുവെക്കുന്നൊരീ വിരികളില്‍,
മുറിയിലെച്ചുമര്‍വര്‍ണ്ണരാജിയില്‍ മിഴിനട്ടു
വൃദ്ധന്‍ പടിഞ്ഞാട്ടുനോക്കുന്നു-
പകല്‍മടക്കത്തിലെ സൂര്യതേജസ്സിനെ!
സായന്തനത്തിന്റെ പൊന്നുനൂല്‍ക്കസവിട്ട-
കാവി ചുറ്റി സന്ധ്യ കോലായിലെത്തവേ
സ്മരണയില്‍ ഘടികാരസൂചികള്‍ പിറകോട്ട്
തിരിയുന്നു, തെളിയുന്നു വീടിന്റെയുമ്മറം….
അഛാ,പതുക്കെച്ചുമക്കൂ-ഈ ടീവിയ്ക്ക്
വോളിയം പണ്ടേതന്നിത്തിരിക്കുറവാണ്
മുറിയില്‍പ്പോയ് വിശ്രമിച്ചോളൂ -ചുടുകഞ്ഞി
അവിടെയെത്തിച്ചിടാം ഒന്നുപോകൂ…
പുന്നാരമോന്മൊഴികേള്‍ക്കെപ്പിടഞ്ഞുതന്‍
ഊന്നുവടിതപ്പി .. കൈകഴയ്ക്കെ!
വാര്‍ത്തയില്‍ ആഗോളമാന്ദ്യമറിയിച്ചു-
വായനക്കാരി തിരിച്ചുപോയി
പിണ്ഡതൈലത്തിന്റെ ഗന്ധംസഹിക്കാതെ
പിറുപിറുക്കുന്നിതാ മരുമകള്‍ശ്രീ..
അഛന്റെ തൈലമിനി മാറ്റിയെഴുതിക്കണം;
അല്ലെങ്കിലിനി തൈലമാവശ്യമോ?
കാറ്റൊന്നുവീശവെ ജാലകപ്പാളികള്‍
പാടിയൊരപശ്രുതി തെല്ലുറക്കെ
ഗതകാലചിന്തകള്‍ തപ്പിത്തടയുന്നു..
വഴികളില്‍ വെട്ടംകുറഞ്ഞുപോയോ
അറിവതില്ലാരുമേ കൈവന്നൊരീഭാഗ്യം,
പുതുവേഷഭൂഷയും കളിയരങ്ങും
അവരറിഞ്ഞീടിലെന്‍ പ്രിയശിഷ്യ വൃന്ദവും
അകമേറുമിവിടെന്നെ വീണ്ടെടുത്തീടുവാന്‍
അറിയുന്നവേളയില്‍ കുറ്റപത്രങ്ങള്‍ തന്‍
കുരിശിങ്കലവരെന്റെ മകനെയേറ്റും
അതുവേണ്ട; മക്കള്‍തന്‍ കൈശോരചാപല്യ-
മറിയേണ്ടതഛന്റെ ധര്‍മമല്ലോ..
ഇനിയാരുമറിയാതെയീ വൃദ്ധ സദനത്തിന്‍
ചുമരുകള്‍ക്കിടയിലെന്‍ ശിഷ്ടകാലം
തീരുന്നവേളയിലൊരോര്‍മക്കുറിപ്പായി
മാധ്യമത്താളിലൊരു കോളമാകാം..
മക്കളോ വലുതാകിലെന്നുംനമുക്കവര്‍
കൊച്ചു കിടാങ്ങളായ് തോന്നവേണം
അവര്‍ തന്‍ തമാശകള്‍ക്കതിരില്ല;നമ്മളോ
ഒരുചിരിചിരിച്ചതില്‍ കൂടിയാടീടുക…

ഞായറാഴ്‌ച, മാർച്ച് 06, 2011

കാണക്കാണെ...............

കഴിഞ്ഞ വര്‍ഷം,മലയാളം പഠിപ്പിക്കുന്ന അധ്യാപകരുടെ ഒരു ക്ലസ്റ്റര്‍ യോഗത്തില്‍ ഒമ്പതാംതരത്തിലെ കേരളപാഠാവലി രണ്ടാം യൂണിറ്റ്‌-‘കാണക്കാണെ’-പഠിപ്പിക്കു
ന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് ആ ചെറിയ സിനിമയെക്കുറിച്ച് ഞാന്‍
അറിഞ്ഞത്.അഞ്ചര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ആ സിനിമ കണ്ടപ്പോള്‍ അതൊ
രു മഹാകാവ്യമാണെന്ന് എനിക്കുതോന്നി.ഓരോആളും തീര്‍ച്ചയായും കണ്ടിരിക്കേ
ണ്ടത് എന്ന എന്റെ അഭിപ്രായം ഇത് കണ്ടുകഴിയുമ്പോള്‍ നിങ്ങളും ശരിവെക്കുമെന്ന്  എനിക്കുറപ്പുണ്ട്.കാണുക!
കണ്ടുകഴിഞ്ഞ് ഒരഭിപ്രായം പോസ്റ്റ് ചെയ്യാന്‍ മറക്കരുതേ.


                           'ബോധോദയത്തിന്റെ ഒരു  മരത്തണല്‍കൂടി’

                                               
     

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

കൂകിപ്പായും തീവണ്ടി....

പതിവുപോലെ അലിയും അലക്സും അനിരുദ്ധനുംചേര്‍ന്നുള്ള ചീട്ടുകളിക്ക് ഭംഗംവരുത്താതെ വണ്ടി
മെല്ലെ ഓടിക്കൊണ്ടിരുന്നു.അടുത്തകളിക്ക് ചീട്ട്പെറുക്കിക്കൂട്ടുന്നതിനിടയിലാണ് അലി ചര്‍ച്ചക്ക്
തുടക്കമിട്ടത്.`സഹായത്തിനായുള്ള അവരുടെ നിലവിളി സഹയാത്രികര്‍ ഒന്നുചെവിക്കൊണ്ടിരു‌‌-
ന്നെങ്കില്‍ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമായിരുന്നില്ല എന്നല്ലെ എല്ലാവരും പറയുന്നത്!`
       ‘ കരച്ചില്‍ കേട്ടവര്‍ക്ക് ഒന്നുപ്രതികരിക്കാമായിരുന്നു.കേട്ടവര്‍ കേള്‍ക്കാത്തപോലെ ഇരുന്നത്
ഒട്ടും ശരിയായില്ല‘.കശക്കിവെച്ച ചീട്ട് വെട്ടിവെക്കുന്നതിനിടയില്‍ അലക്സ് അതില്‍ പങ്കുചേര്‍ന്നു.
`അന്ന് നീ കേട്ടിരുന്നോ അവര്‍ കരഞ്ഞുവിളിച്ചത്`?റിയാലിറ്റി ഷോയിലെ ഇഷ്ട്ടസെഗ്മെന്റായ
എലിമിനേഷന്‍ റൌണ്ട് വിടാതെകാണുകയും അവര്‍ക്കൊപ്പം കരയുകയുംചെയ്ത് നല്ലപരിചയ
മുള്ള അനിരുദ്ധന്  ഈ ചോദ്യത്തിന് ശരിക്കും മറുപടിയുണ്ട്.`അന്നത്തെ ചീട്ടുകളിക്കിടയില്‍
പച്ചമുളകീറുന്ന ഒരുശബ്ദം ഞാനും കേട്ടതാ!പക്ഷേ അതൊരു കരച്ചിലായി എനിക്ക് ഫീല്‍
ചെയ്തില്ല.ടി.വി ഷോയില്‍ എത്രയോ കുട്ടികളുടെ നെഞ്ചുതകര്‍ന്നുള്ള കരച്ചിലും അതുകാണുമ്പോള്‍
വിധികര്‍ത്താക്കള്‍ നടത്തുന്ന അനുതാപക്കരച്ചിലും ഞാന്‍ എത്രയോ കേട്ടിട്ടുണ്ട്.അത്തരത്തില്‍
ഒരു പ്രത്യേകതയും അതിനില്ലായിരുന്നു.`അനിരുദ്ധന്‍ ചീട്ട് എണ്ണിത്തീര്‍ത്ത് തന്റെ വിഹിതം
കയ്യിലെടുത്തു.വലിച്ചുകിട്ടിയ കാര്‍ഡ് കളത്തിലിട്ട് അലി വീണ്ടും മൈക്കെടുത്തു.`നമ്മള്‍ ശ്രദ്ധിച്ചി
ല്ല എന്നുപറയുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.അന്ന് കാര്യമായി കളിച്ചുകൊണ്ടിരിക്കുന്ന
തിനിടയില്‍ നമുക്കത് കേള്‍ക്കാന്‍ കഴിയില്ല എന്ന് കേവലബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും.
പക്ഷേ സീരിയല്‍-തുണിക്കട-സ്വര്‍ണ്ണക്കടചര്‍ച്ചകളില്‍ സ്ഥിരം മുങ്ങാംകുഴിയിടുന്ന കുറച്ചുപേര്‍
തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നല്ലോ? ഇങ്ങനെ ഒരു ശബ്ദം കേട്ടാല്‍ അവരൊന്ന്
ശ്രദ്ധിക്കണ്ടേ?` ഒരു നല്ലചീട്ട് വലിച്ചുകിട്ടിയ സന്തോഷത്തില്‍ അലക്സ് ഒരു മറുപടി അപ്പോള്‍
താഴേക്കിട്ടു.`ഏയ്!അവരെ എന്തിനു് കുറ്റം പറയുന്നു?സംഗതി എന്തായാലും, നമ്മളും അവരുമെ
ല്ലാം വളരെ ഗൌരവമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു എന്നു വെക്കാം. എന്നാല്‍ എനി
ക്ക് അരിശം വരുന്നത് അവരോടാണ്-അട്ടിമറിപ്പണിയും കമ്പനിപ്പണിയും കഴിഞ്ഞ് ,വണ്ടിയില്‍
ക്കയറുമ്പോഴേക്ക് ഉറക്കം തുടങ്ങുന്ന ചിലര്‍ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ലെ?വെറുതെയിരുന്ന്
ഉറങ്ങിയിരുന്ന അവരെന്താ ഈ ശബ്ദം കേട്ടില്ലെന്നുണ്ടോ?`അലക്സിന്റെ ആത്മരോഷം പതച്ചു
തുളുമ്പവേ `കിട്ടിപ്പോയ്‘എന്നലറിക്കൊണ്ട് തന്റെ കയ്യിലെ ചീട്ടുകള്‍ അനിരുദ്ധന്‍ സെറ്റുകളാക്കി
നിരത്തിവെച്ചു.മൂന്നു ജോക്കര്‍...മൂന്ന് ആസ്...ജാക്കിരാജാവ് റാണി...
                   വണ്ടി ഇപ്പൊഴും പതിവുതാളത്തില്‍ ഓടിക്കൊണ്ടിരിക്കുകതന്നെയാണ്.

ചൊവ്വാഴ്ച, ഫെബ്രുവരി 01, 2011

നമുക്ക് അഭിനന്ദിക്കാം!

ഞാനിവിടെ പരാമര്‍ശിക്കുന്ന കാര്യം എന്റെ ബ്ലോഗ് വായനക്കാരില്‍ ചിലരെങ്കിലും പത്രത്തിലൂടെ
ഇതിനകം അറിഞ്ഞിട്ടുണ്ടാകും.ആയിക്കോട്ടെ! അല്ലെങ്കില്‍ത്തന്നെ ആദ്യവായനക്കും പുനര്‍വായ
നക്കും തുടര്‍വായനക്കും തികച്ചും അര്‍ഹനാണ് രാജേഷ് എന്ന് എനിക്കുതോന്നുന്നു.
                        രാജേഷ്മാങ്കാവ് ഒരു മാധ്യമ-ചാനല്‍-പ്രവര്‍ത്തകനാണ്.അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന കാര്യമാണ് 2011ഫെബ്രവരി 6ന് നടക്കുന്നത്.എന്നാല്‍ അതോടൊപ്പം
അതിപ്രധാനമായ മറ്റൊരുകാര്യംകൂടി രാജേഷ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.അദ്ദേഹത്തെ സംബന്ധി
ച്ച് അതാണ് ഒന്നാമത്തേത്.രാജേഷിന്റെ ക്ഷണപത്രം ബാക്കി നിങ്ങളോട് മൊഴിയും.ആ നല്ലമനസ്സിനെ
അഭിനന്ദിക്കാം.ഒപ്പം വിവാഹമംഗളാശംസകള്‍ നേരുകയും ചെയ്യാം!
                             

ശനിയാഴ്‌ച, ജനുവരി 29, 2011

സ്വാശ്രയത്വം

മായമില്ലാതെ ഒരു ഭക്ഷണം.ഒരുനേരമെങ്കിലും!അത് അയാളുടെ ഒരാഗ്രഹമായിരുന്നു.
സ്വന്തം ഭൂമിയില്‍ പുതിയ കിണര്‍ കുഴിപ്പിച്ചു.നെല്ല്,വാഴ,ചേമ്പ്,തക്കാളി,മുളക് തുടങ്ങി
എല്ലാം നട്ടുനനച്ചു.വിളവെടുപ്പ് ആഘോഷമായിരുന്നു.സ്വന്തം കിണര്‍വെള്ളത്തില്‍
പാചകം.തന്റെ വിയര്‍പ്പില്‍ വിളഞ്ഞ നെല്ലരിച്ചോറ്! വാഴക്കത്തോരന്‍!തക്കാളിക്കറി!
കുടുംബം ആ പാചകവും കഴിപ്പും ആഘോഷമാക്കി.വയര്‍ നിറച്ചുണ്ടപ്പോള്‍ അയാള്‍ക്ക്
എന്തെന്നില്ലാത്ത സന്തോഷം!വാക്കുപാലിച്ചപോലെ.
                                         പിറ്റേന്ന് പത്രങ്ങള്‍ വെണ്ടക്കനിരത്തി.ഒരു കുടുംബത്തിന്റെ
കൂട്ടമരണത്തെപ്പറ്റി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അസ്വാഭാവികഭക്ഷ-
ണമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നില്ല.

ചൊവ്വാഴ്ച, ജനുവരി 11, 2011

.എല്ലാം ആഘോഷമാക്കാം

  • കുട്ടികള്‍ക്കുള്ള മെഡിക്കല്‍ എന്‍ഡ്രെന്‍സ് കല്പം ,എഞ്ചിനീയറിങ്ങ് എന്‍ഡ്രെന്‍സ് എണ്ണ,രക്ഷിതാക്കള്‍ക്കുള്ള വായുഗുളിക തുടങ്ങി എല്ലാമടങ്ങിയ `സമ്പൂര്‍ണ്ണ എന്‍ഡ്രെന്‍സ് കിറ്റ്` ഇപ്പോള്‍ ലഭ്യമാണ്!
  • തക്കാ‍ളി,ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ ബഹുവര്‍ണ്ണ ത്രി.ഡി പോസ്റ്ററുകള്‍-അടുക്കളയില്‍ അലങ്കരിക്കാവുന്നത്-ഇപ്പോള്‍ കുറഞ്ഞവിലയില്‍ വില്‍പ്പനയില്‍!
  • മൂന്നുറീത്ത് ഒന്നിച്ചുവാങ്ങുമ്പോള്‍ ഒരു പൈന്റ് ഫ്രീ!
  • ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ കിണ്ടി,കോളാമ്പി,അമ്മി,അച്ഛന്‍,അമ്മ തുടങ്ങിയ സാധനങ്ങള്‍ ആകര്‍ഷകമായ വിലയ്ക്ക് ഞങ്ങള്‍ക്കുതന്ന് വീട് വെടിപ്പാക്കുക!

.മാറ്റം അനിവാര്യമാണ്


കണാരേട്ടന്റെ ചായപ്പീടികയില്‍ പൊതുവെ വലിയ തിരക്കുണ്ടാവാറില്ല.ഇപ്പോള്‍ മേലേക്കണ്ടിയിലെ കുഞ്ഞിരാമനാണ് ചായകുടിച്ചുകൊണ്ടിരിക്കുന്നത്.കാലത്തെ തെങ്ങുകയറ്റപ്പണികഴിഞ്ഞ് വിശന്നുതളര്‍ന്ന് വന്നതാണയാള്‍.കുഞ്ഞിരാമന്‍ ആര്‍ത്തിയോടെ പൊറോട്ടയില്‍ കൈവെച്ചപ്പോളാണ് അയല്‍ക്കാരന്‍ നാരായണന്‍ ഓടിക്കിതച്ച് കടയിലേക്ക് കയറിവന്നത്.പേടിച്ചരണ്ട മുഖത്തോടെ അവനെന്തോ പറയാന്‍ തുടങ്ങിയെങ്കിലും അതുപൂര്‍ത്തിയാക്കാന്‍ അവനായില്ല.അവനെപ്പിന്തുടര്‍ന്ന് കടയിലേക്കോടിക്കയറിയ നാലഞ്ചുപേര്‍ അപ്പോഴേക്കും അവനെ തലങ്ങുംവിലങ്ങും വെട്ടിക്കഴിഞ്ഞിരുന്നു.ചോരചീറ്റിക്കൊണ്ട് നാരായണന്‍  ബെഞ്ചിനടിയിലേക്ക് മറിഞ്ഞുവീണു.താനൊന്നുനീങ്ങിയിരുന്നില്ലായിരുന്നുവെങ്കില്‍ അവന്‍ വീഴുക തന്റെമടിയിലേക്കായിരുന്നല്ലോ എന്ന് കുഞ്ഞിരാമന്‍ അപ്പോളോര്‍ത്തു.പക്ഷേ അതുകൊണ്ടും വലിയ കാര്യമുണ്ടായില്ലല്ലൊ.അയാള്‍ അടുക്കളയിലേക്കുനോക്കി വിളിച്ചുപറഞ്ഞു-`കണാരേട്ടാ,ഈ പൊറോട്ട ഒന്നുമാറ്റണം.ഇതിലപ്പടി ചോരതെറിച്ചു`.