ഞായറാഴ്‌ച, സെപ്റ്റംബർ 08, 2013

വമ്പിച്ച ആദായ വില്‍പ്പന

ഓണം പ്രമാണിച്ച് വലിയ ഉള്ളി,ചെറിയ ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ (അടുക്കളയിലും ഡൈനിംഗ് റൂമിലും ചുമരില്‍ തൂക്കാവുന്നത്)വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നു.
ഓണപ്പൂക്കളം തീര്‍ക്കുന്നതിലേക്കായി നാടന്‍ പൂക്കളുടെ ചിത്രങ്ങളും ലഭ്യമാണ്.25ചിത്രങ്ങളുടെ 'ഫാമിലി ബോക്സ്‌ 'വാങ്ങുമ്പോള്‍ 15കിലോ പൂര്‍ണ്ണമായും നിറച്ച LPGസിലിണ്ടറിന്റെ ത്രീഡി പോസ്റര്‍ തികച്ചും സൌജന്യം!

വ്യാഴാഴ്‌ച, മേയ് 16, 2013

അക്ഷയതൃതീയ



നഗരത്തിന്റെ ഒരു നട്ടുച്ചത്തിളപ്പിലാണ് നാല്‍ക്കവലയില്‍ക്കണ്ട ആ ഫ്ലക്സ്‌ബോര്‍ഡ്‌ അയാള്‍ ഇങ്ങനെ വായിച്ചു തീര്‍ത്തത്‌.
'ഭര്‍ത്താവ്‌ നിങ്ങളെ സ്നേഹിക്കുന്നില്ലേ?
അമ്മായിയമ്മ ക്രൂരയാവുന്നോ ?
മക്കള്‍ അമ്മയെ അനുസരിക്കുന്നില്ലേ?
കുടുംബത്തില്‍ മനസ്സമാധാനം കിട്ടുന്നില്ലേ?
വിഷമിക്കേണ്ട!
എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരം !
ഈ അക്ഷയതൃതീയദിനത്തില്‍ ഞങ്ങളുടെ
ആഭരണങ്ങള്‍ വാങ്ങി അണിയൂ...
ആറുമാസം സുഖസന്തോഷങ്ങളില്‍ ആറാടൂ...'
വളരെ വിചിത്രമായ ഒരു പരസ്യമായി അതിനെ വായിച്ച് മുന്നോട്ട് പോകുമ്പോഴും അയാള്‍ ചിന്തിക്കുക തന്നെയായിരുന്നു-അതില്പ്പറഞ്ഞ ചില പിടികിട്ടാകാര്യങ്ങളെക്കുറിച്ച്...
ഒടുവില്‍ ആ കട നേരില്‍ക്കണ്ടപ്പോള്‍ അയാളുടെ സംശയങ്ങള്‍ക്ക് വിരാമമായി. ഒന്ന് ഉറപ്പുവരുത്താനായി കടയുടെ ബോര്‍ഡ്‌ അയാള്‍ ഒന്നുകൂടിവായിച്ചു.
'മികവുറ്റ റോള്‍ഡ് ഗോള്‍ഡ്‌ ആഭരണങ്ങള്‍ !എല്ലാറ്റിനും ആറുമാസം ഗ്യാരണ്ടി!'
.......

ബുധനാഴ്‌ച, ഏപ്രിൽ 24, 2013

അദ്ദേഹം

അദ്ദേഹം കാലത്ത്‌ ഏഴുമണിക്ക്‌ എത്തിച്ചേരും എന്നല്ലേ പറഞ്ഞത്‌?അയാള്‍ വാച്ചിലേക്ക് നോക്കി.ഏഴുമണിക്ക്‌ ഇനി പത്ത്‌ മിനിറ്റ് കൂടിയുണ്ട്.നിലവിലുള്ള കുടുംബപ്രശ്നങ്ങളും ഭാവിയില്‍ വന്നുവീണേക്കാവുന്ന ദുരന്തങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്കാന്‍ കഴിയുന്ന ആളെന്നനിലക്കാണ് അദ്ദേഹത്തെ ഞാനെന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്‌.വളരെ തിരക്കുള്ള ആളാണെന്നും വരാമെന്നു പറഞ്ഞ ദിവസം വരാതിരിക്കുന്ന ആളാണെന്നും നന്നായി അറിയാവുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദര്‍ശനം -അത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ -അവിസ്മരണീയമായിരിക്കണം.ആ സ്മരണകള്‍ അദ്ദേഹത്തെ തുടര്‍ന്നും ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മധുരോദാരമായിരിക്കണം.അതിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പേ തുടങ്ങിയത്.
                                  പ്രധാന ഭക്ഷണമായി തയ്യാറാക്കുന്നത് ചിക്കന്‍ ബിരിയാണിയാണ്.നാടന്‍ കോഴിയോടാണ് പുള്ളിക്ക് താല്‍പ്പര്യം .അതുകൊണ്ടുതന്നെ അത്തരമൊന്നിനെ സംഘടിപ്പിക്കാന്‍ കുറെ വീടുകളില്‍ തെണ്ടേണ്ടിവന്നു.ഭക്ഷണത്തിനുമുമ്പേ രണ്ടെണ്ണം വിഴുങ്ങുന്ന സ്വഭാവം മൂപ്പര്‍ക്ക്‌ ഉണ്ടെന്ന്‌ നേരത്തെ അറിയാവുന്നതുകൊണ്ടുതന്നെ ഒരു'മുഴുനീളനെ'വാങ്ങി.ആളറിയാതിരിക്കാന്‍ ബിവറേജസിനു മുന്‍പില്‍ തലയില്‍ ഒരു ടവ്വലും കെട്ടി ക്യു നിന്നപ്പോഴും ഒന്നുരണ്ടാളുകള്‍ തിരിച്ചറിഞ്ഞു.ആവശ്യത്തിന്റെ ഗൌരവം അറിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.'നന്നായി സാറേ,ഇത്രയും ബുദ്ധിമുട്ടിയതുകൊണ്ട് ഒരു നഷ്ട്ടവുമില്ല.ഒരു വലിയ കാര്യമല്ലേ നടക്കാന്‍പോകുന്നത്".മുന്തിയ സിഗരറ്റുകളൊന്നും അദ്ധേഹം വലിക്കുന്നത്  കണ്ടിട്ടില്ല.എങ്കിലും ഒരു പാക്ക് 'വില്‍സ് 'തന്നെ വാങ്ങി.ഒന്നും കുറക്കേണ്ട.എല്ലാം ഒരു പണത്തൂക്കം മുന്‍പിലായിരിക്കട്ടെ.ഇനി എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെന്കില്‍ത്തന്നെ അത് അദ്ദേഹം തിരിച്ചുപോകുമ്പോള്‍ നല്‍കുന്ന ആചാര്യ മര്യാദകളില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാം.
                                     ചിന്തിച്ച്ചുകൊണ്ടിരിക്കെ അയാള്‍ വാച്ചിലേക്ക് ഒന്നുകൂടി നോക്കി.ഓ! സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു,ഇനി ഈ സന്ദര്‍ശനവും അദ്ദേഹം മാറ്റിവെക്കുമോ?.അയാള്‍ വീട്ടുപടിക്കലേക്ക്  കണ്ണ്നീട്ടി.ഒരു നിമിഷം!സന്തോഷത്തിന്റെ ഒരു പെരുംകടല്‍ അഴിമുഖം ഭേദിക്കെ അയാള്‍ വീടിനുള്ളിലേക്ക് നോക്കി മദോന്മത്തനായി വിളിച്ചു കരഞ്ഞു-'മക്കളെ,അദ്ദേഹം വരുന്നെടാ'....
                                  നാളുകളായി ആ വീട്ടില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ആ മംഗളമുഹൂര്‍ത്തത്തില്‍ ഒരു മങ്ങിയ ചിരിയോടെ തേങ്ങാവലിക്കാരന്‍ കുമാരന്‍ ഏണിയുമായി അടിവെച്ചടിവെച്ച്ചടിവെച്ച്ചടിവെച്ച്..................

തിങ്കളാഴ്‌ച, മാർച്ച് 18, 2013

നല്ല ചീത്ത

രണ്ടാം ക്ളാസില്‍ പഠിക്കുന്ന മകന്‍ സ്കൂളില്‍നിന്ന്‍ വന്നുകയറിയതുതന്നെ കരഞ്ഞുവീര്‍ത്ത മുഖവുമായാണ്.കാരണമന്വേഷിച്ചപ്പോള്‍ അവന്‍ ചിണുങ്ങി.
"എന്റെ ക്ളാസിലെ നിപുണ്‍ അവന്റെ യൂണിഫോമില്‍ അഴുക്കാക്കിയത് ഞാനാണെന്ന് പറഞ്ഞ് എന്നെ ഒരുപാട്
ചീത്ത വാക്കുകള്‍ പറഞ്ഞു.എനിക്ക് ചീത്ത വാക്കുകള്‍ ഒന്നും അറിയാത്തതുകൊണ്ട് ഞാന്‍ കുറെ കരഞ്ഞു.അച്ഛന്‍ എനിക്ക് കുറേ ചീത്ത വാക്കുകള്‍ പറഞ്ഞു താ.ഞാന്‍ നാളെ പോയി അവനെ വിളിക്കട്ടെ.പ്ളീസ്‌ അച്ഛാ"
"അവന്‍ അങ്ങനെ പറഞ്ഞുവെന്ന് വിചാരിച്ച് മോന്‍ തിരിച്ചുപറയേണ്ട. അവന്‍ ദേഷ്യംവന്നപ്പോള്‍ പറഞ്ഞുപോയതായിരിക്കും.നല്ല കുട്ടികള്‍ അങ്ങനെയൊന്നും പറയില്ല.മോന്‍ നല്ല കുട്ടിയല്ലേ "അച്ഛന്‍ സമാധാനിപ്പിച്ചു.
"വേണ്ട!ഈ അച്ഛന് എന്നോട് ഒരു സ്നേഹവും ഇല്ല.ഞാന്‍ അച്ഛനോട് മിണ്ടില്ല."
അവന്‍ ചിണുങ്ങിക്കൊണ്ട് റിമോട്ട് എടുത്ത്‌ ടി.വി.ക്ക്
അരികിലേക്ക് നീങ്ങി.ഇനി കാര്‍ട്ടൂണ്‍ ചാനലാണ് പത്ഥ്യം.
പെട്ടെന്നാണ് അച്ഛന് വെളിപാട് ഉണ്ടായത്‌.കാര്‍ട്ടൂണ്‍ ചാനല്‍ തിരയുന്നതിനിടയില്‍ ഇപ്പോളത്തെ ഏതെങ്കിലും മലയാള വാര്‍ത്താ ചാനല്‍ അവന്‍ അറിയാതെ കണ്ടുപോയാല്‍ ....
അച്ഛന്‍ മകനെ തിരിച്ചുവിളിച്ചു."മോന്‍ വാ.അച്ഛന്‍ കുട്ടന് കുറച്ച് നല്ല ചീത്ത വാക്കുകള്‍ പറഞ്ഞുതരാം.പ്ളീസ് മോനേ"...

ഞായറാഴ്‌ച, നവംബർ 18, 2012

ഹംസവും ദമയന്തിയും

പത്താംക്ളാസിലെ കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള മലയാളം -കേരളപാഠാവലിയിലെ'ചെറുതായില്ല
ചെറുപ്പം'എന്ന ഭാഗത്തില്‍ ഹംസത്തിന്റെ വരവും തുടര്‍ന്നുള്ള രംഗങ്ങളും അടങ്ങിയ കഥകളിയുടെ 
വീഡിയോ താഴെ ഇടുന്നു.ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മട്ടന്നൂരിലെ സുരേഷ് മാഷിനും 
മലയാളം ബ്ലോഗിലെ ഫിലിപ്പ് മാഷിനും ഒത്തിരി നന്ദിയോടെ....
(നളചരിതം-ഒന്നാം ദിവസം)
കടപ്പാട്-യൂട്യുബിന്