ചൊവ്വാഴ്ച, ജനുവരി 11, 2011

.മാറ്റം അനിവാര്യമാണ്


കണാരേട്ടന്റെ ചായപ്പീടികയില്‍ പൊതുവെ വലിയ തിരക്കുണ്ടാവാറില്ല.ഇപ്പോള്‍ മേലേക്കണ്ടിയിലെ കുഞ്ഞിരാമനാണ് ചായകുടിച്ചുകൊണ്ടിരിക്കുന്നത്.കാലത്തെ തെങ്ങുകയറ്റപ്പണികഴിഞ്ഞ് വിശന്നുതളര്‍ന്ന് വന്നതാണയാള്‍.കുഞ്ഞിരാമന്‍ ആര്‍ത്തിയോടെ പൊറോട്ടയില്‍ കൈവെച്ചപ്പോളാണ് അയല്‍ക്കാരന്‍ നാരായണന്‍ ഓടിക്കിതച്ച് കടയിലേക്ക് കയറിവന്നത്.പേടിച്ചരണ്ട മുഖത്തോടെ അവനെന്തോ പറയാന്‍ തുടങ്ങിയെങ്കിലും അതുപൂര്‍ത്തിയാക്കാന്‍ അവനായില്ല.അവനെപ്പിന്തുടര്‍ന്ന് കടയിലേക്കോടിക്കയറിയ നാലഞ്ചുപേര്‍ അപ്പോഴേക്കും അവനെ തലങ്ങുംവിലങ്ങും വെട്ടിക്കഴിഞ്ഞിരുന്നു.ചോരചീറ്റിക്കൊണ്ട് നാരായണന്‍  ബെഞ്ചിനടിയിലേക്ക് മറിഞ്ഞുവീണു.താനൊന്നുനീങ്ങിയിരുന്നില്ലായിരുന്നുവെങ്കില്‍ അവന്‍ വീഴുക തന്റെമടിയിലേക്കായിരുന്നല്ലോ എന്ന് കുഞ്ഞിരാമന്‍ അപ്പോളോര്‍ത്തു.പക്ഷേ അതുകൊണ്ടും വലിയ കാര്യമുണ്ടായില്ലല്ലൊ.അയാള്‍ അടുക്കളയിലേക്കുനോക്കി വിളിച്ചുപറഞ്ഞു-`കണാരേട്ടാ,ഈ പൊറോട്ട ഒന്നുമാറ്റണം.ഇതിലപ്പടി ചോരതെറിച്ചു`.

6 അഭിപ്രായങ്ങൾ:

new പറഞ്ഞു...

മരിച്ചവരുടെ നാടായ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കൊമാല , എന്നാ കഥയാണ്‌ ഇത് വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് . നല്ല ആശയം , നല്ല രീതിയില്‍ അവതരിപ്പിച്ചു

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഹരിമാഷേ. നന്നായിട്ടുണ്ട് എഴുത്ത്. ഇത് വെറും ഒരു കഥയല്ല. മാറുന്ന മലയാളിയുടെ (എല്ലാ മനുഷ്യരുടെയും) മനസികാവാസ്ഥ ആണ്. തന്റെ സഹജീവി അപകടത്തില്‍ പെട്ടാല്‍ പോലും ഒന്ന് തിരിഞ്ഞുനോക്കാന്‍ മടിക്കുന്ന, അല്ലെങ്കില്‍ വഴിയരികില്‍ രക്തം വാര്‍ന്നു മരിക്കാന്‍ കിടക്കുന്ന ആളെപ്പോലും തിരിഞ്ഞൊന്നു നോക്കാതെ തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്ന ആധുനിക മനുഷ്യന്റെ സങ്കുചിത സ്വഭാവം ആണ് ഇവിടെ അനാവരണം ചെയ്തത്. സ്വാര്‍ത്ഥത ആണ് എല്ലായിടത്തും.. നമ്മള്‍ ഒരുപാട് മാറേണ്ടതായുണ്ട്.. മാറുമോ???

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

:)

Fousia R പറഞ്ഞു...

ചോരവീണിട്ടും നനയാത്ത ഒരു കാലത്തിന്റെ മുഖത്തെഴുത്താണിത്.
എളുപ്പം ദഹിക്കാത്ത പൊറോട്ട പോലെ ഈ എഴുത്ത് മനസ്സില്‍ ബാക്കിയാകുന്നുണ്ട്.

Jefu Jailaf പറഞ്ഞു...

ഇനി കറി വേണ്ട. എനിക്കുള്ള കറി ഇതിൽ ഇറ്റിയിരിക്കുന്നു. മണം മത്തു പിടിപ്പിക്കുന്നുവെന്നെ.. അങ്ങനെയും ഒരു കൂട്ടർ... ആശംസകൾ മാഷേ..ശുഭപ്രതീക്ഷയോടെ..

ആചാര്യന്‍ പറഞ്ഞു...

നല്ലൊരു പോസ്റ്റ് ....പ്രതികരണം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹം ...എവിടേയ്ക്കാണ് ഇതിന്റെ പോക്ക്...