തിങ്കളാഴ്‌ച, മാർച്ച് 14, 2011

ജാലകം തുറക്കുമ്പോള്‍.....

സാഗരനീലിമ കൂടുവെക്കുന്നൊരീ വിരികളില്‍,
മുറിയിലെച്ചുമര്‍വര്‍ണ്ണരാജിയില്‍ മിഴിനട്ടു
വൃദ്ധന്‍ പടിഞ്ഞാട്ടുനോക്കുന്നു-
പകല്‍മടക്കത്തിലെ സൂര്യതേജസ്സിനെ!
സായന്തനത്തിന്റെ പൊന്നുനൂല്‍ക്കസവിട്ട-
കാവി ചുറ്റി സന്ധ്യ കോലായിലെത്തവേ
സ്മരണയില്‍ ഘടികാരസൂചികള്‍ പിറകോട്ട്
തിരിയുന്നു, തെളിയുന്നു വീടിന്റെയുമ്മറം….
അഛാ,പതുക്കെച്ചുമക്കൂ-ഈ ടീവിയ്ക്ക്
വോളിയം പണ്ടേതന്നിത്തിരിക്കുറവാണ്
മുറിയില്‍പ്പോയ് വിശ്രമിച്ചോളൂ -ചുടുകഞ്ഞി
അവിടെയെത്തിച്ചിടാം ഒന്നുപോകൂ…
പുന്നാരമോന്മൊഴികേള്‍ക്കെപ്പിടഞ്ഞുതന്‍
ഊന്നുവടിതപ്പി .. കൈകഴയ്ക്കെ!
വാര്‍ത്തയില്‍ ആഗോളമാന്ദ്യമറിയിച്ചു-
വായനക്കാരി തിരിച്ചുപോയി
പിണ്ഡതൈലത്തിന്റെ ഗന്ധംസഹിക്കാതെ
പിറുപിറുക്കുന്നിതാ മരുമകള്‍ശ്രീ..
അഛന്റെ തൈലമിനി മാറ്റിയെഴുതിക്കണം;
അല്ലെങ്കിലിനി തൈലമാവശ്യമോ?
കാറ്റൊന്നുവീശവെ ജാലകപ്പാളികള്‍
പാടിയൊരപശ്രുതി തെല്ലുറക്കെ
ഗതകാലചിന്തകള്‍ തപ്പിത്തടയുന്നു..
വഴികളില്‍ വെട്ടംകുറഞ്ഞുപോയോ
അറിവതില്ലാരുമേ കൈവന്നൊരീഭാഗ്യം,
പുതുവേഷഭൂഷയും കളിയരങ്ങും
അവരറിഞ്ഞീടിലെന്‍ പ്രിയശിഷ്യ വൃന്ദവും
അകമേറുമിവിടെന്നെ വീണ്ടെടുത്തീടുവാന്‍
അറിയുന്നവേളയില്‍ കുറ്റപത്രങ്ങള്‍ തന്‍
കുരിശിങ്കലവരെന്റെ മകനെയേറ്റും
അതുവേണ്ട; മക്കള്‍തന്‍ കൈശോരചാപല്യ-
മറിയേണ്ടതഛന്റെ ധര്‍മമല്ലോ..
ഇനിയാരുമറിയാതെയീ വൃദ്ധ സദനത്തിന്‍
ചുമരുകള്‍ക്കിടയിലെന്‍ ശിഷ്ടകാലം
തീരുന്നവേളയിലൊരോര്‍മക്കുറിപ്പായി
മാധ്യമത്താളിലൊരു കോളമാകാം..
മക്കളോ വലുതാകിലെന്നുംനമുക്കവര്‍
കൊച്ചു കിടാങ്ങളായ് തോന്നവേണം
അവര്‍ തന്‍ തമാശകള്‍ക്കതിരില്ല;നമ്മളോ
ഒരുചിരിചിരിച്ചതില്‍ കൂടിയാടീടുക…

12 അഭിപ്രായങ്ങൾ:

ബെഞ്ചാലി പറഞ്ഞു...

വൃദ്ധ സദനത്തിന്
ചുമരുകള്ക്കിടയിലെന് ശിഷ്ടകാലം
തീരുന്നവേളയിലൊരോര്മക്കുറിപ്പായി
മാധ്യമത്താളിലൊരു കോളമാകാം..

എത്ര സത്യം.. മാതാപിതാക്കൾ പലർക്കും ഇന്ന് ഭാരമായിരിക്കുന്നു. അവർ മറന്ന് പോകുന്നു… തന്റെ മാതാപിതാക്കളെ എങ്ങിനെ ട്രീറ്റ് ചെയ്യുന്നു എന്ന് കണ്ടാണല്ലൊ കുട്ടികളും വളരുന്നത്.
ഇന്നു നീ, നാളെ ഞാൻ…!

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ആനുകാലിക പ്രസക്തമാണ് വിഷയം.. വൃദ്ധസദനങ്ങളും അമ്മത്തൊട്ടിലുകളും വര്‍ദ്ധിച്ചു വരികയാണ്. ഈ അടുത്തിടെ ഒരു മലയാളം ചാനലില്‍ വാര്‍ത്ത കണ്ടു. വയോവൃദ്ധയായ ഒരു മാതാവിനെ സ്വന്തം മകള്‍ ദിവസങ്ങളോളം ആട്ടിന്‍ കൂട്ടില്‍ താമസിപ്പിച്ചതിനെ പറ്റി.. :(

Arjun Bhaskaran പറഞ്ഞു...

പ്രസക്തം ...

Fousia R പറഞ്ഞു...

"വാര്‍ത്തയില്‍ ആഗോളമാന്ദ്യമറിയിച്ചു-
വായനക്കാരി തിരിച്ചുപോയി"
കാഴ്ചയും കേള്‍‌വിയും കൊട്ടിയടച്ചിട്ട്
നമ്മളും തിരിച്ച് പോയി.

ഹരിപ്രിയ പറഞ്ഞു...

നല്ല ഒഴുക്കുള്ള വരികള്‍ :)

ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഒടുവിൽ മക്കൾ വൃദ്ധ സദനത്തിലെങ്കിലും എത്തിച്ചാൽ ഭാഗ്യം.. തെരുവിൽ അലയാതെ കൂട്ടാമല്ലൊ..!!
വരികൾക്ക് നല്ല ഭംഗിയുണ്ട്.. അഭിനന്ദനങ്ങൾ..!!

ഹരി/സ്നേഹതീരം പോസ്റ്റ് പറഞ്ഞു...

@ബെഞ്ചാലി
@ശ്രീ
@മാഡ്
@ഫൌസ്യ
@ഹരിപ്രിയ
@1/1000
എഴുതിയവനുമേല്‍ നിങ്ങള്‍ വര്‍ഷിച്ച മന്ന നന്ദിപൂര്‍വം ഭക്ഷിച്ച് വഴിക്കണ്ണ്തുറന്ന് മുന്നോട്ട്....

Kadalass പറഞ്ഞു...

മുത്തശ്ശനേയും മുത്തശ്ശിയേയും വ്രദ്ധസദനത്തിലാക്കുന്ന മാതാപിതാക്കളോട് ചെറിയമക്കൾ പറയുന്നു: ചൊവ്വാഗ്രഹത്തിൽ ജീവനുണ്ടെങ്കിൽ അച്ചനും അമ്മയും വ്രദ്ധരാകുമ്പോൾ ചൊവ്വാഗ്രഹത്തിലേക്ക് പറഞ്ഞുവിടുമെന്ന്......

വരികളിൽ ഒരുപാട് സന്ദേശമുണ്ട്

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

കലികാലമാണു സൂക്ഷിക്കുക...വൃദ്ധ സദനത്തിലെത്തിയാല്‍ തന്നെ മഹാ പുണ്യം

പട്ടേപ്പാടം റാംജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പട്ടേപ്പാടം റാംജി പറഞ്ഞു...

ഇപ്പോള്‍ പല മനസ്സുകളും അവസാനസമയങ്ങളില്‍ അവിടെയെങ്കിലും എത്തിക്കിട്ടന്നെ എന്നായിരിക്കും ആഗ്രഹിക്കുന്നത്
.
ഒരു കഥപോലെ അവതരിപ്പിച്ചു.
ഇഷ്ടപ്പെട്ടു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare prasakthamaya post..... aashamsakal....